റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം മറന്നു വികാരപ്രകടനങ്ങള്‍ നടത്തി: ബിഗ്‌ബോസ് വീണ്ടും കോടതി കയറുന്നു

ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് വീണ്ടും കോടതി കയറുന്നു. ഈ ഷോയെ ചൊല്ലി മുമ്പും പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ മറാഠിപതിപ്പാണ് ഇപ്പോള്‍ കോടതി കയറുന്നത്. നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖാണു ഷോയിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. മത്സരാര്‍ത്ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ടിപ്നിസും മര്യാദയുടെ സീമകള്‍ ലംഘിക്കുന്നു എന്നു കാണിച്ചാണു പരാതി നല്‍കിയിരിക്കുന്നത്. വിവാഹിതനായിട്ടും ടിപ്നിസുമായി രാജേഷ് നാണം കെട്ട് കൊഞ്ചിക്കുഴയുകയാണ് എന്നും ഇരുവരും ടെലിവിഷനില്‍ ലജ്ജയില്ലാതെ ചുംബിക്കുകയും കിടക്കപങ്കിടുകയും ചെയ്യുന്നു എന്നും പരാതിയില്‍ പറയുന്നു.

ഷോയില്‍ രാജേഷ് ടിപ്നിസിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കുകയും ഇതു തന്റെ ഭാര്യ അംഗീകാരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്കു രാജേഷിന്റെ ഭാര്യയെ ഭയമാണ് എന്ന് ടിപ്നിസ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. രാജേഷിന്റെ ഭാര്യയോടു മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചു എങ്കിലും അവര്‍ ഇതിനോടു പ്രതികരിക്കാന്‍ തയാറായില്ല. ട്വിറ്ററില്‍ വലിയ ചര്‍ച്ചകളായിരുന്നു ഇതുമായി ബന്ധപ്പെട്ടു നടന്നുകൊണ്ടിരുന്നത്. സംഭവം വിവാദമായതോടെ ഷോയ്ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരും എന്ന് അവതാരകന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *