കാക്കി എന്റെ ഏക മതം; ഉള്ളുനിറയെ അവള്‍: ‘കഠ്‌വ’യിലെ ധീര പൊലീസുകാരി: അഭിമുഖം

രമേഷ് കുമാർ ജല്ല. അയാൾ അവസാനത്തെ പ്രതീക്ഷയായിരുന്നില്ലെന്ന് ഉറപ്പിച്ച് പറയാം. ഇൗ പേരും പേരുകാരനും ലോകമാധ്യമങ്ങളിൽ തന്നെ നിറഞ്ഞുനിൽക്കുന്ന മണിക്കൂറുകളിലൂടെയാണ് ഇന്ത്യ കടന്നുപോയത്. എന്നാൽ ലോകം ചർച്ചചെയ്യുന്ന കഠ്‌വ കൂട്ടമാനഭംഗക്കേസിൽ രമേഷ് കുമാർ ജല്ലയുടെ സംഘത്തിലെ എക വനിതാ അംഗത്തെ പറ്റിയും ഒട്ടേറെ അറിയാനുണ്ട്. കാരണം പിച്ചിച്ചീന്തപ്പെട്ട ആ എട്ടുവയസുകാരിയുടെ ആത്മാവ് ഒരുപക്ഷേ ആദ്യം സംസാരിച്ചിട്ടുണ്ടാകുക അവരോടായിരിക്കും. ശ്വേതംബ്രി ശര്‍മ. അതാണ് അവരുടെ പേര്. കശ്മീർ പൊലീസിന്റെ ക്രൈംബ്രാഞ്ച് എസ്.െഎ.ടി സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയാണ് ശ്വേതംബ്രി ശര്‍മ. കേസ്വഷണത്തിന്റെ നാളുകളെ കുറിച്ച് അവർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘എന്റെ മകന് എട്ടുവയസാണ് പ്രായം. അവൾക്കും അതേ പ്രായം. ആ പ്രായത്തിലുള്ള കുഞ്ഞിനെ എന്തൊക്കെ ചെയ്തു എന്ന് പ്രതികളോട് ചോദിക്കുമ്പോഴുണ്ടായ എന്റെ മാനസികാവസ്ഥ. അവരുടെ ഉത്തരത്തിന് ചെവികൊടുക്കുമ്പോൾ എന്റെ മാനസികാവസ്ഥ. ഇതിനപ്പുറം ഒരു ക്രൂരമായ നിമിഷം എന്താണ് ഇൗ ജീവിതത്തിൽ എനിക്ക് നേരിടാനുള്ളത്. അത്രത്തോളം ഭീകരമായിരുന്നു പ്രതികളുടെ ഏറ്റുപറച്ചിൽ. പക്ഷേ ദുര്‍ഗാ മാതാവ് ഞങ്ങള്‍ക്കൊപ്പമായിരുന്നു. അവര്‍ എനിക്കു ധൈര്യം തന്നു. ചോദിക്കേണ്ട എല്ലാ ചോദ്യങ്ങളും എസ്.ഐ.ടിയിലെ പുരുഷ അംഗങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയാണ് ഞാന്‍ ചോദിച്ചത്.’ ആ വാക്കുകളിൽ തന്നെ തെളിയുന്നുണ്ട് ഇൗ കൊലപാതകത്തിന്റെ ക്രൂരത. പിടിയിലായവരൊന്നും നിസരക്കാരായിരുന്നില്ല എന്നതാണ് ഇൗ കേസിൽ ഞങ്ങൾക്ക് നേരിടേണ്ടി വന്ന വലിയ വെല്ലുവിളികളിലൊന്ന്. ജാതി മത വിശ്വാസങ്ങളിലും പണത്തിന്റെ സ്വാധീനം കൊണ്ടും അന്ധരായിപ്പോയ കൊടുംകുറ്റവാളികൾ. മനുഷ്യനോ മൃഗമോയെന്ന് വേർതിരിക്കാനാകാത്ത ക്രൂരത. അതിനൊത്ത് അവരെ സംരക്ഷിക്കാൻ നടന്ന നീക്കങ്ങൾ. അതാണ് ഇൗ അന്വേഷണ കാലഘട്ടത്തിൽ നേരിടേണ്ടിവന്ന വലിയ പ്രതിസന്ധി. ഇൗ കേസ് തെളിയണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നെന്ന് വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്. കാരണം തെളിവുനശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും രാഷ്ട്രീയക്കാരും മതത്തിന്റെ പ്രതിനിധികളും എന്തിന് അഭിഭാഷകർ വരെ രംഗത്തെത്തിയിരുന്നു.

കേസ് അട്ടിമറിക്കാനുള്ള ശ്രമം പല ഭാഗത്തുനിന്നുണ്ടായി. കുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച പൊലീസുകാരിൽ നിന്നുതന്നെ തുടങ്ങുന്നു അട്ടിമറിയുടെ കാര്യങ്ങൾ. പെൺകുട്ടിയെ കാണാതാകുന്നത് ജനുവരി 10നാണ്. എത്ര അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനാൻ പൊലീസിനായില്ല. ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി. കുട്ടിയുടെ മരണം വൻവിവാദമായി. അതോടെ കേസ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. മറഞ്ഞിരുന്ന തെളിവുകള്‍ ഇന്‍സ്പെക്ടര്‍ ജനറല്‍സ് ഓഫ് പൊലീസ് ഓഫ് ക്രൈം അലോക് പുരി, സയ്യിദ് അഹ്ഫാദുല്‍ മുജ്തബ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു എസ്.ഐ.ടി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ക്രൈംബ്രാഞ്ച് ജമ്മുവിലെ മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയുമുണ്ടായിരുന്നു. അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസ് ക്രൈം നവീദ് പിര്‍സാദ തലവനായ സംഘത്തില്‍ ഡെപ്യൂട്ടി എസ്.പി ശ്വേതാംബ്രി, സബ് ഇന്‍സ്പെക്ടര്‍ ഇര്‍ഫാന്‍ വാനി, ഇന്‍സ്പെക്ടര്‍ കെ.കെ. ഗുപ്ത, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് താരിഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളായുണ്ടായിരുന്നു.

അന്വേഷണം ആരംഭിച്ച സമയം മുതൽ അത്രമേൽ സമ്മർദമായിരുന്നു ഒാരോത്തർക്കും. മതിയായ തെളിവുകൾ കണ്ടെത്തണം ആ എട്ടുവയസുകാരിക്ക് നീതി കിട്ടണം. അങ്ങനെ ഉത്തരം തേടുന്ന കുറേയേറെ ചോദ്യങ്ങൾ. ഹിരാനഗര്‍ പൊലീസ് സ്റ്റേഷനിലുള്ള പൊലീസുകാർക്ക് പ്രതികൾ കൈക്കൂലി നൽകിയിട്ടുണ്ടെന്ന് ഞങ്ങൾ മനസിലാക്കി. തെളിവുനശിപ്പിക്കാനായി പെണ്‍കുട്ടിയുടെ വസ്ത്രം കഴുകിയെന്നും അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ക്ഷേത്രത്തിനുള്ളില്‍ തന്നെ നശിക്കാതെ തെളിവുകൾ അവശേഷിച്ചിരുന്നു. ക്ഷേത്രത്തിൽ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചത്. മുടിയിഴകള്‍ കൊല്ലപ്പെട്ട ഏട്ടുവയസുകാരിയുടേത് തന്നെയെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചു.

എനിക്ക് മതമില്ല, എന്‍റെ മതം കാക്കി

‘ജമ്മു കശ്മീര്‍ പൊലീസിലെ ഒരു ഓഫീസറാണ് ഞാന്‍, എനിക്കൊരു മതവുമില്ല. എന്റെ മതം പൊലീസ് യൂണിഫോം മാത്രമാണ്’. ഇതായിരുന്നു പ്രതികൾക്കായി രംഗത്തെത്തിയവരോട് ശ്വേതംബ്രി ശര്‍മയുടെ മറുപടി. പ്രതികളില്‍ ഭൂരിപക്ഷവും ബ്രാഹ്മണര്‍മാരായതിനാല്‍ അത്തരത്തിൽ സ്വാധീനിക്കാനായിരുന്നു നീക്കം. എന്നെ ജാതിപരമായി എന്നെ സ്വാധീനിക്കാനും അവർ ശ്രമിച്ചിരുന്നു. നമ്മള്‍ ഒരേ ജാതിയും മതവുമാണെന്നും ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ കേസിൽ അവരെ കുറ്റക്കാരാക്കരുതെന്നും വരെ അവർ എന്നോട് ആവശ്യപ്പെട്ടു. എന്റെ മതവും ജാതിയും ഞാനിട്ടിരിക്കുന്ന കാക്കിയാണെന്ന മറുപടി കൊണ്ടാണ് ഞാൻ അവരെ നേരിട്ടത്. പിന്നീട് അഭ്യർഥനയുടെ സ്വരം മാറി ഭീഷണിയായി. പിന്നിട് സമരങ്ങൾ. ത്രിവർണ പതാക വരെ ഉയർത്തി പിടിച്ച് ഇൗ കൊടും ക്രിമിനലുകൾക്ക് വേണ്ടി അവർ രംഗത്തിറങ്ങി.

ആറംഗസംഘത്തിനെതിരെയാണ് ഞങ്ങൾ കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ എത്തിയപ്പോൾ അഭിഭാഷകർ വരെ പ്രതികൾക്കായി പ്രതിഷേധം നടത്തിയിരുന്നു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായതാണെന്നാണ് ഞങ്ങൾ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയായയാളാണെന്ന് എസ്.ഐ.ടി തെളിയിച്ചെങ്കിലും ഇയാള്‍ ജുവനൈല്‍ ആണെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചു. ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘവും പറഞ്ഞത് ഇയാള്‍ക്ക് പത്തൊന്‍പതിനും ഇരുപതിനുമിടയില്‍ പ്രായമുണ്ടെന്നാണ്.

പ്രതിസന്ധികള്‍ തരണം ചെയ്ത അറസ്റ്റ്

പ്രതികളുടെ അറസ്റ്റും വലിയ പ്രതിസന്ധികൾ തരണം ചെയ്തായിരുന്നു. മീററ്റില്‍ ബി.എസ്.ടി അഗ്രിക്കല്‍ച്ചറല്‍ പഠനടത്തിനിടയിലാണ് കുട്ടിയിൽ പീഡിപ്പിക്കാൻ ക്ഷേത്രത്തിന്റെ രക്ഷാധികാരിയായ സഞ്ജി റാം അയാളുടെ മകൻവിശാല്‍ ജംഗോട്ടയെ വിളിച്ചുവരുത്തുന്നത്. ഇയാളെ ആദ്യ നവരാത്രി ദിനമാണ് അറസ്റ്റു ചെയ്തതെന്നും അവർ പറയുന്നു. സഞ്ജി റാമിനെ മൂന്നാം നവരാത്രിദിനത്തിലും.പിഴവില്ലാത്ത അന്വേഷണവും പഴുതടച്ച കുറ്റപത്രവുമാണ് ഇൗ കേസിൽ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയതെളിവുകൾ അടക്കം സമർപ്പിച്ചിട്ടുണ്ട്. അവൾക്ക് നീതി ലഭിക്കും. നീതിന്യായവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്.

ശ്വേതംബ്രി ശര്‍മ്മ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവർ ഒന്നുകൂടി പറഞ്ഞു. അന്വേഷണകാലത്ത് സ്വസ്ഥമായി ഉറങ്ങിയിട്ടില്ല, ഒരു ദിനം പോലും. എന്റെ കുടുംബത്തയോ കുഞ്ഞുങ്ങളയോ എനിക്ക് വേണ്ടരീതിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ആ കുഞ്ഞായിരുന്നു എന്റെ മനസിൽ… ആ കൊടുംക്രൂരതയായിരുന്നു എന്റെ ഉള്ളുനീറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *