നദി തീരത്ത് നിന്നും മത്സ്യത്തൊഴിലാളി കണ്ടെത്തിയത് അറുത്ത് മാറ്റിയ 54 കൈപ്പത്തികള്‍

സൈബീരിയയില്‍ തടാകത്തിന്റെ കരയില്‍ പ്ലാസ്റ്റിക് ബാഗില്‍ നിന്നും മത്സ്യത്തൊഴിലാളി 54 കൈപ്പത്തികള്‍ കണ്ടെത്തി. ഖബാരോസ്‌കിലെ അമൂര്‍ നദിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നയാളാണ് മുറിച്ച് മാറ്റിയ കൈപ്പത്തികള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിന് പുറത്ത് ഒരു കൈപ്പത്തി കണ്ടാണ് ഇയാള്‍ പരിശോധിച്ചത്.

മരം കൊണ്ട് കൊത്തിയെടുത്ത ശില്‍പം ആയിരിക്കുമെന്നാണ് മത്സ്യത്തൊഴിലാളി ആദ്യം കരുതിയത്. എന്നാല്‍ പ്ലാസ്റ്റിക് ബാഗ് തുറന്നതോടെ ഇയ്യാള്‍ ശരിക്കും ഞെട്ടി. ബാഗിനുള്ളില്‍ അറുത്തുമാറ്റിയ നിലയിലയിലുള്ള 54 കൈപ്പത്തികള്‍. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് ജനം തടിച്ചുകൂടി.

കൂട്ടക്കൊലപാതകത്തിന് ശേഷം കൈപ്പത്തികള്‍ വെട്ടിമാറ്റിയത് ആയിരിക്കാമെന്നാണ് പ്രചരണം ഉണ്ടായത്. എന്നാല്‍ റഷ്യന്‍ അന്വേഷണ വിഭാഗം ഇത് നിഷേധിച്ച് രംഗത്തെത്തി. ഖബാറോസ്‌കിലെ ഏതെങ്കിലും ഫോറന്‍സിക് പരിശോധനാ ലാബില്‍ നിന്ന് ഉപേക്ഷിച്ചതാകാം ഈ ബാഗെന്നാണ് റഷ്യന്‍ ഫെഡറേഷന്റെ അന്വേഷണ വിഭാഗത്തിന്റെ നിലപാട്. ഇത്തരത്തില്‍ അവയവങ്ങള്‍ ഉപേക്ഷിക്കുന്നത് നിയമപരമല്ലെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ എന്തിന് വേണ്ടിയാണ് മൃതദേഹത്തില്‍ നിന്നും കൈപ്പത്തികള്‍ വെട്ടി മാറ്റിയതെന്ന് വ്യക്തമല്ല. അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളില്‍ നിന്നും കൈപ്പത്തി വെട്ടിമാറ്റാറുണ്ടെന്ന് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് മൃതദേഹം അടക്കം ചെയ്താലും വിരലടയാളത്തിന്റെ സഹായത്തോടെ ആളെ തിരിച്ചറിയാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഈ വാദവും ഖണ്ഡിക്കപ്പെടുകയാണ്. സാധാരണയായി ഫിംഗര്‍ പ്രിന്റ് ഡിജിറ്റലായിട്ടാണ് സൂക്ഷിക്കാറുളളത്. അല്ലാതെ കൈ മുഴുവനായി സൂക്ഷിച്ച് വെക്കാറില്ലെന്നതാണ് കാരണം.

കൈപ്പത്തികള്‍ക്ക് അരികില്‍ നിന്നും മെഡിക്കല്‍ ബാന്‍ഡേജുകളും പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. ഏതെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ഇതെന്ന് സൂചന നല്‍കുന്നതാണ് ഈ തെളിവുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *