അഞ്ഞൂറോളം കുണറുകള്‍ കുഴിച്ച പുഷ്പവല്ലി; ജീവിക്കാനായി ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന ധീരവനിത

ഇരുപത്തിയഞ്ച് വര്‍ഷത്തിനകം കുഴിച്ചു തീര്‍ത്തത് അഞ്ഞൂറോളം കിണറുകള്‍. ഇത് പുഷ്പവല്ലി എന്ന സ്ത്രീയുടെ അധ്വാനത്തിന്റെ പ്രതിഫലം. എന്നാല്‍ ഗിന്നസ്ബുക്കില്‍ കയറാനൊന്നുമല്ല ഈ കിണറു കുത്തല്‍. ജീവിക്കാനാണ്! നാലാം ക്ലാസ്സില്‍ പഠനം നിറുത്തി ബീഡി തെറുത്തും കരിങ്കല്ലുടച്ചും കുടുംബം പോറ്റാനിറങ്ങിയ ഈ കണ്ണൂര്‍ക്കാരിയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണ്.

സ്ത്രീ ശാക്തീകരണവും തൊഴിലുറപ്പു പദ്ധതിയുമൊന്നുമില്ലാതിരുന്ന കാലത്താണ് ആണുങ്ങള്‍ക്കൊപ്പം കയറില്‍ തൂങ്ങിയിറങ്ങി പുഷ്പവല്ലിയും കിണര്‍ പണിക്കിറങ്ങിയത്. അന്നൊക്കെ അയലത്തുകാര്‍ അടക്കംപറഞ്ഞു ചിരിക്കുമായിരുന്നു. ചിരിയും പരിഹാസവുമൊന്നും പുഷ്പവല്ലിയെ തളര്‍ത്തിയില്ല.

ഞങ്ങളെയും കൂടെ കൂട്ടുമോന്നു ചോദിച്ചാണ് ഇന്ന് തൊഴിലുറപ്പ് പെണ്ണുങ്ങള്‍ വരുന്നത്. ഇന്നിവിടെ ഞങ്ങള്‍ നാല് സ്ത്രീകളാണ് ഈ കിണര്‍ കുഴിക്കുന്നത്.” എട്ട് കോല്‍ താഴ്ചയിലേക്ക് കയറില്‍ അനായാസം ഊര്‍ന്നിറങ്ങുന്നതിനിടെ പുഷ്പവല്ലി പറഞ്ഞു. 32 കോല്‍ ആഴമുള്ള കിണറുകള്‍ കുഴിച്ചിട്ടുണ്ട്.

ബീഡി തെറുപ്പില്‍ നിന്ന് കിണര്‍ കുഴിക്കലിലെത്തിയ കഥയ്ക്ക് ഒരു വാലന്റൈന്‍ പ്രണയത്തിന്റെ സുഖം. കോഴിക്കോട്ട് നിന്ന് കണ്ണൂരിലെ എടക്കാട് പൈപ്പ് പണിക്കെത്തിയ കൃഷ്ണനെന്ന ഇരുപതുകാരനെ ഒറ്റനോട്ടത്തില്‍ തന്നെ പ്രണയിച്ചുപോയ ഒരു പതിന്നാലുകാരി. പൈപ്പിടുന്നതിന് ചാല് കീറുമ്പോള്‍ തൊട്ടപ്പുറത്തെ പറമ്പിലെ പാവാടക്കാരിയിലായിരുന്നു ആ യുവാവിന്റെയും കണ്ണ്. ഒന്നുരണ്ടാഴ്ച കണ്ണുകള്‍ പരസ്പരം കഥ പറഞ്ഞു. മൂന്നാമത്തെ ആഴ്ച ആരോടും പറയാതെ, ആരോടും ചോദിക്കാതെ ആ പാവാടക്കാരിയുടെ കൈയും പിടിച്ച് യുവാവ് കോഴിക്കോട് പലാഴി കണ്ണംചിന്നമ്പാലത്തെ വീട്ടിലെത്തി. കതകു തുറന്ന അമ്മ ആദ്യമൊന്ന് ഞെട്ടി. കണ്ണൂരില്‍ പൈപ്പു പണിക്ക് പോയ മകന്‍ ഒരു പെണ്ണിനെയും കൊണ്ട് വന്നിരിക്കുന്നു.

ഇതാരാണെന്ന ചോദ്യത്തിന് ഞാന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെന്ന് മറുപടി. പിന്നെയൊന്നും ചോദിച്ചില്ല ആ അമ്മ. നിലവിളക്ക് കൊളുത്തി ആരതിയുഴിഞ്ഞ് മരുമകളായി പുഷ്പവല്ലിയെ വലതുകാല്‍വച്ച് കയറ്റി. രണ്ടു ജാതിക്കാരായിരുന്നതിനാല്‍ മിശ്രവിവാഹത്തിന്റെ ആനുകൂല്യമെന്നോണം അന്ന് സര്‍ക്കാരില്‍നിന്ന് കിട്ടിയ രണ്ടായിരം രൂപകൊണ്ട് രണ്ടു സെന്റ് വാങ്ങി. അതില്‍ ഒരോലക്കുടില്‍ പണിതു താമസം തുടങ്ങി. മൂന്നു മക്കളായി.

കൃഷ്ണന്‍ കിണര്‍ കുഴിക്കാന്‍ പോകുമായിരുന്നു. ഒരുനാള്‍ പണിക്കാരിലൊരാള്‍ വന്നില്ല. പകരം വരാമോയെന്ന് പുഷ്പവല്ലിയോട് വെറുതേ ചോദിച്ചു. മുടി മാടിക്കെട്ടി അവള്‍ കൂടെയിറങ്ങി. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറ് കോല്‍ താഴ്ചയുള്ള കിണറ്റിലേക്ക് അന്നാദ്യമായി ഊര്‍ന്നിറങ്ങിയ അതേ ആവേശത്തോടെ ഈ അമ്പതിലും പുഷ്പവല്ലി ഊര്‍ന്നിറങ്ങുന്നു. ജീവിതത്തിന്റെ ഉറവ വറ്റാതിരിക്കാന്‍

Leave a Reply

Your email address will not be published. Required fields are marked *