ലോകത്തിന് വിസ്മയമാകാന്‍ ജഡായുപ്പാറ ടൂറിസം പദ്ധതി; മെയ് 23ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും; ഒരുക്കിയിരിക്കുന്നത് അത്ഭുതകാഴ്ചകള്‍

വിനോദസഞ്ചാരപ്രേമികള്‍ക്ക് കൗതുകമൊരുക്കി ജഡായുപ്പാറ ടൂറിസം പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പത്തിന്റെയും ജഡായുപാറ ടൂറിസം പദ്ധതിയുടേയും ഉദ്ഘാടനം മെയ് 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊല്ലം ജില്ലായിലെ ചടയമംഗലത്താണ്
പൗരാണിക പ്രൗഡിയില്‍ സ്ഥിതി ചെയ്യുന്ന ഈ ജഡായുപാറ നിലകൊള്ളുന്നത്.  രാവണന്‍ സീതയെ തട്ടികൊണ്ടു പോകാന് ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച ജഡായു ചിറകരിഞ്ഞ് വീണത് ഇവിടെയാണെന്നാണ്    ഐതീഹ്യം.പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് ജടായുവിന്റേത്.

സമുദ്രനിരപ്പില്‍നിന്ന് 650 അടി പൊക്കത്തിലാണ് ജടായുശില്പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്പം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശില്പമാകുമെന്നാണ് കരുതുന്നത്.

15000 ചതുരശ്രയടി സ്ഥലത്താണ് ശില്പം ഒരുക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച ശില്‍പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ഇതു കൂടാതെ റോക്ക് ക്ലൈമ്പിങ് തുടങ്ങി അഡ്വഞ്ചറായിട്ടുള്ള റൈഡുകളും ഒരുക്കിയിട്ടുണ്ട്.

ശില്പത്തിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഇരിപ്പിടമുണ്ടാകും. രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും. 65 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജടായുപ്പാറമുകളിലെത്താന്‍ കേബിള്‍ കാര്‍ സംവിധാനം പൂര്‍ത്തിയായി. രണ്ട് ഹെലിപാഡുകള്‍, ജലാശയം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഇതിനകം പണിപൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യമേഖലയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പ്രഥമ സംരംഭമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രവാസികളുടെ പങ്കാളിത്തത്തോടെ 200 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.

കേബിള്‍ കാര്‍ സംവിധാനത്തിനുമാത്രം 40 കോടി രൂപ ചെലവഴിച്ചു. 750 മീറ്ററാണ് കേബിള്‍ കാര്‍. ഒരു കാറില്‍ എട്ടുപേര്‍ക്ക് സഞ്ചരിക്കാം.രാജ്യന്തര നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 8.5 കോടി ചെലവഴിച്ചു. വൈദ്യുതിക്കായി 1.75 കോടി രൂപയും ചെലവഴിച്ചു.

എം.സി.റോഡില്‍ കുരിയോട് ഹില്‍വേ ഹോട്ടലിനോടനുബന്ധിച്ചാണ് ജടായു ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.അഡ്വഞ്ചര്‍ പാര്‍ക്ക്‌നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സാഹസികതയ്ക്കുള്ള സൗകര്യങ്ങളും നിരവധി റൈഡുകളും സഞ്ചാരികളെ ആകര്‍ഷിക്കും.ജടായുപ്പാറയോടു ചേര്‍ന്നുള്ള കോദണ്ഡരാമക്ഷേത്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *